കേബിള്‍ ചാര്‍ജ് കൂടുമോ? സര്‍വീസ് ചാര്‍ജ് കൂടി വേണമെന്ന് ഓപ്പറേറ്റര്‍മാര്‍



കേബിൾ/ഡിടിഎച്ച് സേവനങ്ങൾക്കായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ പ്രവർത്തന ചട്ടക്കൂട് അവതരിപ്പിച്ചിട്ട് രണ്ട് മാസത്തിലേറെയായി. സേവനങ്ങൾക്ക് കൂടുതൽ സുതാര്യതയും ഉപയോക്താക്കൾക്കും ഓപ്പറേറ്റർമാർക്കും ലാഭകരമാവുമെന്നും വാഗ്ദാനം ചെയ്യുന്ന പുതിയ നിയമങ്ങൾക്ക് പക്ഷെ ജനങ്ങൾക്കിടയിൽ അത്ര സ്വീകാര്യതയില്ല.



കേബിൾ സേവനങ്ങൾക്ക് വിലകുറയുമെന്ന സർക്കാർ വാഗ്ദാനം നൽകിയിട്ടും കൂടുതൽ തുക ബിൽ ഇനത്തിൽ നൽകേണ്ട അവസ്ഥയാണ് പലർക്കും. ഡിടിഎച്ച് ഓപ്പറേറ്റർമാർ അവർ തയ്യാറാക്കിയ ബൊക്കേ പാക്കേജുകളിൽ നിന്നും വരുമാനമുണ്ടാക്കുന്നുണ്ടെങ്കിൽ കേബിൾ ഓപ്പറേറ്റർമാർക്ക് നഷ്ടമാണെന്നാണ് റിപ്പോർട്ടുകൾ.

ട്രായ് അനുവദിക്കുകയാണെങ്കിൽ ഉപയോക്താക്കളിൽ നിന്നും സർവീസ്ചാർജ് ഇനത്തിൽ കൂടുതൽ തുക ഇടാക്കീനുള്ള ശ്രമത്തിലാണ് ഇപ്പോൾ കേബിൾ ഓപ്പറേറ്റർമാർ എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് കൊൽക്കത്തയിലെ കേബിൾ ഓപ്പറേറ്റർമാർ ട്രായിയ്ക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.



കേബിൾ ടിവി ശൃംഖലയ്ക്ക് വേണ്ട എല്ലാ അറ്റകുറ്റപ്പണികൾക്കും കൂടിയാണ് സർവീസ് ചാർജ് ഈടാക്കുന്നത്. അധിക സർവീസ് ചാർജ് ഈടാക്കുന്നതിലൂടെ തൊഴിലാളികൾക്ക് മാസശമ്പളമെങ്കിലും നൽകാൻ സാധിക്കും വിധം വരുമാനം ലഭിക്കുമെന്നാണ് കേബിൾ ഓപ്പറേറ്റർമാരുടെ കണക്കുകൂട്ടൽ.

ട്രായിയുടെ പുതിയ നിയമം വന്നതിന് ശേഷം കേബിൾ ഓപ്പറേറ്റർമാരുടെ വരുമാനത്തിൽ 45 ശതമാനം ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. പുതിയ നിയമം അനുസരിച്ച് അടിസ്ഥാന ചാനൽ പാക്കേജിന 130 രൂപ വരെ മാത്രമേ വിലയിടാനാവൂ. ഇതിന് ഉപയോക്താക്കൾ അധിക നികുതിയും നൽകണം. ഇതേ തുടർന്ന് 130 രൂപയിലും താഴെ വിലയ്ക്ക് ചാനലുകൾ വാഗ്ദാനം നൽകേണ്ട അവസ്ഥയാണ് ഓപ്പറേറ്റർമാർക്ക്. 20-25 രൂപവരെയാണ് സർവീസ് ചാർജായി ഈടാക്കണമെന്നാണ് കേബിൾ ഓപ്പറേറ്റർമാരുടെ നിർദേശം. തടസമില്ലാതെ സേവനം നൽകാൻ ഇത് ആവശ്യമാണെന്ന് അവർ പറയുന്നു.



സർവീസ് ചാർജ് ഈടാക്കാൻ തുടങ്ങിയാൽ കേബിൾ സേവനങ്ങൾ ഉപയോക്താക്കൾക്ക് കൂടുതൽ ഭാരമാവും. നേരത്തെ 300 രൂപയ്ക്ക് പലഭാഷകളിലും വിഭാഗങ്ങളിലുമായി 800 ൽ അധികം ചാനലുകൾ ഉപയോക്താക്കൾക്ക് നൽകിയിരുന്ന കേബിൾ സേവനങ്ങളിൽ ഇപ്പോൾ 200 ൽ താഴെ ചാനലുകളാണ് ലഭിക്കുന്നത്. പുതിയ നിയമം അനുസരിച്ച് കേബിൾ/ഡിടിഎച്ച് സേവനങ്ങളുടെ സുതാര്യത വർധിച്ചിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ഏത് ചാനലിന് എത്ര പണം നൽകുന്നു എന്ന് ഉപയോക്താക്കൾക്ക് ഇപ്പോൾ കൃത്യമായി അറിയാനാവും.

പുതിയ നിബന്ധനകൾ അനുസരിച്ച് ഡിടിഎച്ച് സേവന ദാതാക്കൾ പുതിയ വാഗ്ദാനങ്ങളും നൽകുന്നുണ്ട്. പഴയ വിലയിൽ തന്നെ ഓപ്പറേറ്റർമാർ തിരഞ്ഞെടുത്ത ചാനൽ പാക്കേജുകളും ലഭ്യമാണ്. സ്പെഷ്യൽ ഓഫറുകളും ലോങ് ടേം ബൊക്കേ പ്ലാനുകളും ഉപയോക്താക്കൾക്ക് വേണ്ടി നൽകുന്നുണ്ട്. ഹോട്ട്സ്റ്റാർ, നെറ്റ് ഫ്ളിക്സ്, ആമസോൺ പ്രൈം സേവനങ്ങൾ രംഗപ്രവേശം ചെയ്തതും ഓൺലൈൻ ടിവി സ്ട്രീമിങ് സേവനങ്ങൾ സജീവമായതും ഈ മേഖലയിൽ കേബിൾ ഓപ്പറേറ്റർമാർക്ക് തിരിച്ചടിയാവുന്നുണ്ട്.

Post a Comment

أحدث أقدم