പ്രവർത്തനരഹിതമായ ബാറ്ററികള്‍ വലിച്ചെറിയേണ്ട; അമൂല്യ വസ്തുക്കള്‍ വേര്‍തിരിച്ചെടുക്കാമെന്ന് കണ്ടെത്തല്‍



പ്രവർത്തനരഹിതമായ ബാറ്ററികൾ എന്ത് ചെയ്യണം. ഇലക്ട്രോണിക് അവശിഷ്ടങ്ങളുടെ കൂട്ടത്തിൽ രാസപദാർത്ഥങ്ങൾ അടങ്ങുന്ന ബാറ്ററികളും ഭൂമിയിൽ കുന്നുകൂടുകയാണ്. ഇവയെങ്ങനെ പുനഃചംക്രമണം ചെയ്യും?. അതിനൊരാശയം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ റൈസ് സർവകലാശാലയിലെ ഗവേഷകർ.




പരിസ്ഥിതി സൗഹാർദപരമായ ഒരു ലായകം ഉപയോഗിച്ച് ലിതിയം അയോൺ ബാറ്ററികളിൽ കാഥോഡുകളായി ഉപയോഗിക്കുന്ന മെറ്റൽ ഓക്സൈഡുകളിൽ നിന്നും അമൂല്യമായ മൂലകങ്ങൾ വേർതിരിച്ചെടുക്കാമെന്നാണ് ഇവരുടെ കണ്ടെത്തൽ. ബാറ്ററികൾ പുനഃചംക്രമണം ചെയ്യുന്നതിനുള്ള ശ്രമകരമായ രീതികൾക്ക് പകരം ഉപയോഗിക്കാവുന്ന മാർഗമാണിത്.

കോളിൻ ക്ലോറൈഡ്, എതിലിൻ ഗ്ലൈക്കോൾ എന്നിവ ചേർത്ത് നിർമിക്കുന്ന ലായകം ഉപയോഗിച്ച് പൊടിച്ച സംയുക്തങ്ങളിൽ നിന്നും 90 ശതമാനത്തിലേറെയും, ഉപയോഗിച്ച ബാറ്ററികളിൽ നിന്നും ചെറിയതും എന്നാൽ അത്രമോശമല്ലാത്തതുമായ അളവിലുമുള്ള കോബാൾട്ട് വേർതിരിച്ചെടുക്കാൻ സാധിച്ചു.

ലഭ്യത കുറവുള്ള കോബാൾട്ട് പോലുള്ള ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ സാധിക്കുന്നു എന്നത് ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് റൈസ് സർവകലാശാലയിലെ ശാസ്ത്രജ്ഞനായ മലയാളി പുളിക്കൽ അജയൻ പറഞ്ഞു. ലിതിയം അയേൺ ബാറ്ററികൾ പുനചംക്രമണം ചെയ്യുന്നത് ചിലവേറിയതും അപകടം നിറഞ്ഞതുമായ പ്രക്രിയയാണ്.

ബാറ്ററിയിലെ ഇലക്ട്രോഡിൽ ബാക്കിയുള്ള സംയുക്തങ്ങളിൽ നിന്നും മെറ്റൽ ഓക്സൈഡുകളെ വേർതിരിക്കുന്നതിനൊപ്പം തന്നെ ലിതിയവും, കോബാൾട്ടും ലയിപ്പിക്കാനുള്ള കഴിവ് ലായകത്തിനുണ്ട്. ഇങ്ങനെ ലയിക്കുന്ന കോബാൾട്ടിനെ ലളിതമായ പ്രക്രിയയിലൂടെ ലായകത്തിൽ നിന്നും വേർതിരിച്ചെടുക്കാനും അവ വീണ്ടും ഉപയോഗപ്പെടുത്താനും സാധിക്കും.

Post a Comment

أحدث أقدم