ഫെയ്‌സ്ബുക്ക് ഹാക്കിങ്; 'ഐസക്കി'ന്റെ കണ്ണില്‍ പെടാതിരിക്കണമെന്ന് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്



കോഴിക്കോട്: ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിക്കല്‍ ഹാക്കര്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് അവരുടെ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മല്ലൂ  സൈബര്‍ സോള്‍ജ്യേഴ്‌സ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.



മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അധികം ആളുകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനോടകം #isaac_odenttem എന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം എന്നും അവര്‍ തരുന്ന ലിങ്കുകള്‍ തുറക്കരുതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നൈജീരിയന്‍ വംശജര്‍ നടത്തുന്ന തട്ടിപ്പില്‍ 500 പേരുടെ എങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്തു കഴിഞ്ഞുവെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്  പറഞ്ഞു. സാമ്പത്തിക തട്ടിപ്പാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നതെന്നും അവര്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് ചാറ്റുകളില്‍ ബാങ്ക് വിവരങ്ങള്‍ അടക്കം ഇവര്‍ തിരയുന്നുണ്ട്. ചാറ്റുകളിലെ സ്വകാര്യ സന്ദേശങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നവരും ഉണ്ട്. വിദേശികളില്‍ നിന്നും സന്ദേശങ്ങളും ഫ്രണ്ട് റിക്വസ്റ്റുകളും വരുന്നതായി പലരുടെയും സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് സൈബര്‍ സോള്‍ജിയേഴ്‌സ് പറഞ്ഞു. ഇവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ പലരും സ്വന്തം അനുഭവം പങ്കുവെച്ചിട്ടുണ്ട്.



കേരളത്തിന് അകത്തും പുറത്തുമായി ഉള്ള മലയാളി ഹാക്കര്‍മാരുടെ കൂട്ടായ്മായാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന് വിക്കീപീഡിയ ലേഖനം പറയുന്നു. പാകിസ്താന്‍, ബംഗ്ലാദേശ് ഹാക്കര്‍മാര്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതിന് പ്രതികാരമായി അവരുടെ വെബ്‌സൈറ്റുകള്‍ തിരിച്ച് ഹാക്ക് ചെയ്ത് നിരവധി തവണ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ പ്രൈവസി സെറ്റിങ്സിലും, സെക്യൂരിറ്റി സെറ്റിങ്സിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുക. ഫെയ്സ്ബുക്കിന്റെ ടു ഫാക്ടര്‍ ഒതന്റിക്കേഷൻ സംവിധാനം ആക്റ്റിവേറ്റ് ആക്കുക. ഫെയ്സ്ബുക്കിന്റെ സെറ്റിങ്സിൽ Security and login തിരഞ്ഞെടുത്താൽ ടൂ ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ് ചെയ്യാം. privacy തിരഞ്ഞെടുത്ത് ഉള്ളടക്കങ്ങളുടെ സ്വകാര്യത നിശ്ചയിക്കാം.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

أحدث أقدم